എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആനന്ദകരവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതിയ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു

Friday 10 May 2013

പരിസ്ഥിതി ഉച്ചകോടി

കോടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ 'അക്ഷരം'പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി പരിസ്ഥിതി ഉച്ചകോടി നടന്നു. 2013 മേയ് 4 ന് കോട്ടപ്പുറം വികാസ് ഭവനില്‍ വെച്ച് പ്രശസ്ത കവയിത്രിയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട കോടുങ്ങല്ലൂര്‍ എം എല്‍ എ ശ്രീ ടി എന്‍ പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടപ്പുറം ബിഷപ്പ് റവ.ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ സുരേഷ് മങ്ങാട് രചിച്ച 'മണ്ണും മരങ്ങളും പറഞ്ഞത്' എന്ന പുസ്തകം ശ്രീമതി സുഗതകുമാരി ടീച്ചര്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീമതി എ എ വല്‍സല യോഗത്തില്‍ സംബന്ധിച്ചു.ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ സി സി ജേക്കബ് സ്വാഗതവും ജൈവ വൈവിധ്യ ബോര്‍ഡ് സയന്റിഫിക്ക് ഓഫീസര്‍ ശ്രീ ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

 

Thursday 9 May 2013

പരിസ്ഥിതി പ്രവര്‍ത്തകര്‍ ശംഖുകുളം കാവ് സന്ദര്‍ശിച്ചു

അക്ഷരം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശ്രീമതി സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ ശ്രീനാരായണപുരത്തെ ശംഖുകുളം കാവ് സന്ദര്‍ശിച്ചു.ഉച്ചവെയിലിനെ വകവെയ്ക്കാതെ ടീച്ചറും കാവില്‍ കുറേനേരം ചിലവഴിച്ചു.ടീച്ചര്‍ക്കും കുട്ടികള്‍ക്കും ശ്രീനാരായണപുരത്തെ ശംഖുകുളങ്ങര ഭഗവതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള കാവ് അത്ഭുതമായിരുന്നു.നാലരയേക്കരോളം വിസ്തൃതിയുള്ള പ്രദേശത്ത് ഒന്നരയേക്കര്‍ കാവ് നിലനില്‍ക്കുന്നു. കാവുകളുടെ ജൈവസാധ്യത, സവിശേഷത, കാവിനുള്ളിലെ സുക്ഷ്മജീവികളുടെ വാസം,ജലസമ്പത്ത് എന്നിന പ്രത്യേകം ചര്‍ച്ച ചെയ്തു. ശ്രീ ​എന്‍ സി പ്രശാന്ത്മാസ്റ്റര്‍  കാവുകളെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.



Wednesday 8 May 2013

കണ്ടല്‍ക്കാടുകളിലെ ജൈവ വൈവിധ്യം

പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വള്ളിവട്ടം ചീപ്പുചിറയിലുള്ള കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശിച്ചു.കരൂപ്പടന്ന ഗവ. ഹൈസ്കൂള്‍ അദ്ധ്യാപകന്‍ ശ്രീ എം വി ദിനകരന്‍മാസ്റ്റര്‍ കണ്ടല്‍ക്കാടുകളെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ശ്രീ സുജിത്കുമാര്‍ , കുമാരി നൂറിന നസ്റിന്‍ എന്നിവര്‍ കണ്ടല്‍കാടുകളെക്കുറിച്ച് സംസാരിച്ചു.വെള്ളാങ്ങല്ലൂര്‍ ടൂറിസം ഡെവലെപ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും സ്വീകരിച്ച് ഉച്ചഭക്ഷണം നല്‍കി


Saturday 4 May 2013

ഓക്സ്‌ബോ തടാകം - പ്രകൃതിയുടെ കരവിരുത്

പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി വൈന്തല കണിച്ചാംതുറയെന്ന സംസ്ഥാനത്തെ ഏക ഓക്സ്‌ബോ തടാകത്തെക്കുറിച്ച് പഠിക്കുവാന്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അമ്പഴക്കാട് വീട്ടുമുറ്റത്തെ മാവിന്‍ചുവട്ടില്‍ സമ്മേളിച്ചു.ജൈവ വൈവിധ്യ ബോര്‍ഡ് കേരള പൊതുവിദ്യാഭ്യാസവകുപ്പ് എന്നിവടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടെയുണ്ടായിരുന്നു.ചാലക്കുടി പുഴയെക്കുറിച്ചും ഓക്സ്‌ബോ തടാകങ്ങളെക്കുറിച്ചും ആധികാരിക പഠനം നടത്തിയ ഡോ.സണ്ണി ജോര്‍ജ്ജാണ് ക്ലാസ്സ് നയിച്ചത്. കേരളത്തിലെ എല്ലാ നദികളും മണല്‍വാരലും കൈയ്യേറ്റവും മൂലം സ്വഭാവ വ്യതിയാനം സംഭവിച്ച സാഹചര്യത്തില്‍ കേരളത്തിലെ പുഴകളെക്കുറിച്ച് ശരിയായി പഠിക്കണമെങ്കില്‍ കണിച്ചാംതുറയെയാണ് ആദ്യം പഠനവിഷയമാക്കേണ്ടതെന്ന് ഡോ.സണ്ണി ജോര്‍ജ് അഭിപ്രായപ്പെട്ടു.ഭൂവിഭാഗങ്ങളെ സംരക്ഷിക്കാന്‍ നിയമത്തിന്റെ വഴികളും തേടണമെന്ന് ചടങ്ങില്‍ സംബന്ധിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. ശ്രീ എ ജി മുരളീധരന്‍ ഓക്സ്‌ബോ തടാകത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. വാളൂര്‍ ഒരുമയുടെ നേതൃത്തില്‍ നാടന്‍ കലാമേളയും ഉണ്ടായി.

കാട്ടിക്കരക്കുന്ന് നീറാല്‍പാടത്ത് കതിര് കൊയ്യാന്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

കോടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിസ്ഥിതി ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ അഷ്ടമിച്ചിറയിലുള്ള കാട്ടിക്കരക്കുന്ന് നീറാല്‍ പാടത്ത് കതിര്കൊയ്യാനെത്തി. പാലിശ്ശേരി എസ് എന്‍ ഡി പി ഹൈസ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ ശ്രീ. മുരളീധരന്‍മാസ്റ്റര്‍ പാടിയ നാടന്‍പാട്ടുകള്‍ ഏറ്റുപാടിയാണ് എം എല്‍ എ ശ്രീ ടി എന്‍ പ്രതാപന്‍ , ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ സി സി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊയ്‌ത്തില്‍ പങ്കാളികളായത്. വാളൂര്‍ ഹൈസ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ദീപു എന്‍ മംഗലത്ത് നെല്‍കൃഷിയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ക്ലാസ്സെടുത്തു. 25 വര്‍ഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന 300 ഏക്കര്‍ പാടത്തു കഴിഞ്ഞവഷമാണ് കര്‍ഷക കൂട്ടായ്മയിലൂടെ കൃഷിയിറക്കിയത്.

Friday 12 April 2013

പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ എം എല്‍ എ സംഘം സന്ദര്‍ശിച്ചു


2013 മേയ് 4,5 തിയ്യതികളില്‍ കൊടുങ്ങല്ലൂരില്‍ നടക്കുന്ന പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി ശ്രീ ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള സംഘം കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലുള്ള വിവിധ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വൈന്തല കണിച്ചാംതുറയിലെ ഓക്സ്‌ബോ തടാകം,അഷ്ടമിച്ചിറയിലെ നിറാല്‍ പാടശേഖരം, കരൂപ്പടന്ന ചീപ്പുചിറയിലെ കണ്ടല്‍ക്കാടുകള്‍, ശ്രീനാരായണപുരത്തെ ശംഖുകൂളം ക്ഷേത്രക്കാവ്, കോട്ടപ്പുറം കായല്‍, പൊയ്യ ഫിഷ്‌ഫാം എന്നീ പ്രദേശങ്ങളാണ് എം എല്‍ എ സംഘം സന്ദര്‍ശിച്ചത്.

                  പുഴയുടെ ഗതിമാറ്റത്തിലൂടെ രൂപപെടുന്ന അപൂര്‍വ്വ പ്രതിഭാസമാണ് ഓക്സ്‌ബോ തടാകങ്ങള്‍ . ചാലക്കുടി പുഴയുടെ ഗതിമാറ്റത്തിലൂടെ രൂപപ്പെട്ടതാണ് വൈന്തല കണിച്ചാംതുറയിലെ ഓക്സ്‌ബോ തടാകമെന്നാണ് കരുതപ്പെടുന്നത്. ഓക്സ്‌ബോ തടാകമാണെന്ന് ഉറപ്പുവരുത്താനുള്ള ശാസ്ത്രീയ പഠനം നടത്തുന്നതിനും പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച എം എല്‍ എ അറിയിച്ചു


Saturday 6 April 2013

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ഉച്ചകോടി - കൊടുങ്ങല്ലൂരില്‍


അക്ഷരം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലുര്‍ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ഉച്ചകോടി നടത്തുന്നു. 2013 മേയ് 4,5 തിയ്യതികളില്‍ കോട്ടപ്പുറം വികാസ് ഭവനില്‍ വെച്ച് ഉച്ചകോടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

നിയോജകമണ്ഡലത്തിലെ യു പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ഓരോ വിദ്യാലയങ്ങളില്‍ നിന്നുംതിരഞ്ഞടുക്കപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപക പ്രതിനിധിക്കും ഉച്ചകോടിയില്‍ പങ്കെടുക്കാം.

സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ഉച്ചകോടി നടത്തുന്നതായി പരിപാടിക്ക് നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട ​എം എല്‍ എ ശ്രീ ടി എന്‍ പ്രതാപന്‍ അറിയിച്ചു.

പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനൊപ്പം നിയോജകമണ്ഡലത്തിലെ    പരിസ്ഥിതി പ്രാധാന്യമുള്ള
സ്ഥലങ്ങള്‍ സന്ദര്‍ശിക്കലും അവയെക്കുറിച്ചുള്ള വിവരശേഖരണവും ചര്‍ച്ചയും നടക്കും.

അഴീക്കോട് അഴിമുഖം, ശ്രീനാരായണപുരത്തെ കാവുകള്‍, കരൂപ്പടന്ന ചീപ്പുചിറയിലെ കണ്ടല്‍ക്കാടുകള്‍ , വൈന്തലയിലെ ഓക്സ് ബോ തടാകം, പൊയ്യയിലെ തണ്ണീര്‍ത്തടങ്ങള്‍ , അഷ്ടമിച്ചിറയിലെ നെല്‍വയലുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

സ്ഥലസന്ദര്‍ശനത്തോടൊപ്പം സന്ദര്‍ശന സ്ഥലത്തിന്റെ പാരിസ്ഥിതിക സാമൂഹിക പ്രാധാന്യം സംബന്ധിച്ച സെമിനാറുകള്‍ , ചര്‍ച്ചകള്‍ ഇവ നടക്കും. ഇത്തരത്തില്‍ കണ്ടെത്തുന്ന വിവരങ്ങളും പ്രബന്ധങ്ങളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രേഖഖള്‍ തുടര്‍നടപടിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കും

Wednesday 3 April 2013

സ്നേഹപൂര്‍വ്വം പദ്ധതി


അനാഥരും നിരാലംബരുമായ ബാലകൗമാരങ്ങള്‍ക്ക് അവരുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസത്തിനു വേണ്ടി പ്രതിമാസം സാമ്പത്തികസഹായം അനുവദിക്കുന്ന 'സ്നേഹപൂര്‍വ്വം ' പദ്ധതിക്ക് തുടക്കം കുറിച്ചു. കേരള സാമുഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
മാളയില്‍ നടന്നു. പത്മശ്രീ ഭരത് മോഹന്‍ലാല്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാനസാമുഹ്യ ക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍, എം പി ശ്രീ. കെ പി ധനപാലന്‍, എം എല്‍ എ ശ്രീ. ടി എന്‍ പ്രതാപന്‍,
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ വി ദാസന്‍ , ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Friday 1 March 2013

അടുക്കള നവീകരണം


അക്ഷരം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് അടുക്കള നവീകരണത്തിനുവേണ്ടി ഫണ്ട് അനുവദിച്ചിരുന്നു.പദ്ധതിയില്‍പ്പെട്ട എല്ലാ വിദ്യാലയങ്ങളിലേയും അടുക്കളകള്‍ നവീകരിച്ചിട്ടുണ്ട്.
ഈ പരിപാടിയുടെ നിയോജകമണ്ഡല തല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് ബഹുമാനപ്പെട്ട എം എല്‍ എ ശ്രീ ടി ​എന്‍ പ്രതാപന്‍ അവര്‍കള്‍ നിര്‍വഹിച്ചു